Thursday, January 22, 2009

രവിയുടെ ഒരു ദിവസം.

എരിഞ്ഞു തീരാറായ സന്ധ്യ. വഴിയോരക്കച്ചവടക്കാരുടെ ബഹളങ്ങളിലൂടെ, തെരുവുനായ്ക്കളുടെയും വാഹനങ്ങളുടെയും ഇടയിലൂടെ രവി നടക്കുകയായിരുന്നു.

നഗരം എന്നും ബഹളമയമാണ്‌. ആർത്തുല്ലസിച്ചും രമിച്ചും മദിച്ചും നഗരം അതിന്റെ നിമിഷങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

നീ നിന്റെ സമയവും സമ്പാദ്യവും എനിക്കു തരൂ... ഞാൻ നിനക്കു നൈമഷിക സുഖങ്ങൾ തരാം. എല്ലാ നഗരങ്ങളും ഇങ്ങനെയാവും പറഞ്ഞു കൊണ്ടിരിക്കുക.

ആസ്വദിക്കാൻ ഒരു മനസ്സുള്ളവർക്കൊക്കെ വരാം. പങ്കു ചേരാം.

തണുപ്പുകാറ്റിനു ശക്തി കൂടുന്നതു പോലെ. ഒരു സ്വെറ്റർ എടുക്കാമായിരുന്നു. രവി ഓർത്തു.

അൽപ്പം കൂടി നടന്നാൽ ആ ഹോട്ടൽ എത്തും. ഹോട്ടൽ എന്നു വിളിക്കാമോ. നാട്ടിലെ കണക്കിലാണങ്കിൽ തട്ടുകട എന്നു പറയാം. വൃത്തിയും വെടിപ്പും നോക്കുന്നവരേ വരരുത്‌ പ്ലീസ്‌...

വൃത്തിയുടെ മാനങ്ങൾ എന്തൊക്കെയായിരിക്കും. രവിക്കു ചിരിവന്നു. വളരെ വെടിപ്പായി വച്ചിരിക്കുന്ന മേശകളും കസേരകളും, ഭംഗിയായി അലങ്കരിച്ചിരിക്കുന്ന മുറികളും ഹാളുകളും. അല്ലങ്കിൽ മനോഹരമായി വസ്ത്രം ധരിച്ച സേവകരും കണ്ണാടി പോലുള്ള പാത്രങ്ങളും പിന്നെ കണ്ടാൽ വൃത്തിയുണ്ടെന്നു തോന്നിപ്പിക്കുന്ന വിഭവങ്ങളും...

അല്ലാതെ പിന്നെ. ഇതിൽ കൂടുതലെന്തു വേണം. ഇതു പോലും ചെയ്യാൻ കഴിയാത്തവരാണല്ലോ ഏറയും.

സാധാരണക്കാർക്ക്‌ അപ്രാപ്യമായ ഈ ഭക്ഷണശാലകളുടെ അകത്തളങ്ങളിലെ കാപട്യങ്ങളുടെ കാഴ്ചകൾ കുറെക്കാലം അടുത്തുകാണുവാൻ കഴിഞ്ഞതു കൊണ്ട്‌ വലിയ ഹോട്ടലുകളേക്കാൾ തനിക്കിഷ്ടം ചെറിയവയാണ്‌.

ഹോട്ടലിൽ നല്ല തിരക്ക്‌. തൊട്ടടുത്ത്‌ ഒരു മദ്യശാലയായതു കൊണ്ടാവാം പാർസൽ വാങ്ങാൻ നിൽക്കുന്നവർക്കൊക്കെ ലഹരിയുടെ മണം. വറുത്തതും പൊരിച്ചതുമൊക്കെ യഥേഷ്ടം ലഭിക്കുന്ന സ്ഥലമാണിത്‌. കുറച്ചു പയ്യന്മാർ ചേർന്നു നടത്തുന്നു. എന്നാണാവോ എല്ലാം കൂടെ തല്ലിപ്പിരിയുന്നത്‌.

ഒരു ഗ്യാപ്പ്‌ കിട്ടാൻ കുറേ സമയം നിൽക്കണം. ഒരു പ്ലേറ്റ്‌ പുലാവും ഒരു അയില വറുത്തതും പാർസൽ പറഞ്ഞു. പൊതിഞ്ഞു കിട്ടാൻ കുറച്ചു സമയം കൂടി എടുക്കും. തിരക്കിൽ നിന്നും അൽപ്പം മാറി നിൽക്കാമെന്നു കരുതി പതിയെ പുറത്തേയ്ക്കിറങ്ങി. മദ്യശാലയുടെ മുന്നിൽ വെറുതേ നിൽക്കുന്നതും ചിലപ്പോൾ പ്രലോഭിപ്പിക്കും എന്നു രവിക്ക്‌ തോന്നി. കൈകൾ പേഴ്സിൽ തനിയേ തടഞ്ഞു.

----------------------

നല്ല തണുപ്പ്‌. രവിയെ പതിയെ വിറച്ചു തുടങ്ങി. എങ്കിലും അയാൾ അകത്തേയ്ക്ക്‌ കയറാതെ മുറിയുടെ വാതിൽക്കൽ തന്നെ നിന്നു. തണുപ്പ്‌ എന്നും തനിക്ക്‌ ഇഷ്ടമായിരുന്നുവെന്ന് അയാൾ ഓർത്തു. ബാംഗ്ലൂരിൽ എത്തുവാൻ ഒരിക്കൽ കൊതിച്ചിരുന്നതിനു ഒരു പ്രധാന കാരണവും ഈ തണുപ്പിനൊടുള്ള പ്രണയമായിരുന്നു. ഇപ്പോ മഞ്ഞുകാലത്തു മാത്രമാണ്‌ ഇവിടെയും തണുക്കുന്നത്‌. വേനലും മഴയുമൊക്കെ നാട്ടിലേക്കാളും കഷ്ടം.

ചുരുണ്ടുമൂടി കിടന്നുറങ്ങാൻ ആരും കൊതിക്കുന്ന കാലാവസ്ഥയാണ്‌ ഈ ജനുവരിയിൽ. മിക്കവാറും എല്ലാവരും വൈകി എണീക്കുവാൻ ഇഷ്ടപ്പെടുന്നതും ഈ മാസങ്ങളിലാണ്‌. പക്ഷെ തനിക്ക്‌ മാത്രം എന്തേ ഉറക്കം വരാത്തത്‌ എന്ന് രവി അത്ഭുതപ്പെട്ടില്ല. അൽപ്പം മുൻപ്‌ അകത്താക്കിയ ബിയറിന്റെ നനുത്ത സുഖം പോലും തന്നെ ശാന്തമാക്കാത്തതിന്റെ കാരണവും അയാൾ ആലോചിച്ചില്ല. രവിക്ക്‌ എല്ലാം അറിയാമായിരുന്നു.

ജീവിതം ഒരു സുഖമുള്ള പ്രതീക്ഷയാണന്ന് പണ്ട്‌ ആരോ പറഞ്ഞിട്ടുണ്ട്‌. പക്ഷേ ചിലപ്പോഴെങ്കിലും അതു തെറ്റിപ്പോവാറുണ്ടെന്ന് രവിക്ക്‌ തോന്നി.

ഇത്രയും കാലം കൊണ്ട്‌ ജീവിതം തന്നെ എന്താണ്‌ പഠിപ്പിക്കാൻ ശ്രമിച്ചുണ്ടാവുക. ഒന്നിലും ഒരുപാട്‌ ദുഖിക്കുകയും സന്തോഷിക്കുകയും അരുതെന്നോ? ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്നോ? അതുമല്ലങ്കിൽ നിനക്ക്‌ കൊടുക്കുവാൻ ഒന്നുമില്ലങ്കിൽ നിന്നെ ആർക്കും വേണ്ടന്നോ.... ആവോ. അറിയില്ല.

വിടപറയുന്ന സന്ധ്യ ഈ രാത്രിയോട്‌ എന്താവും പറഞ്ഞിട്ടുണ്ടാവുക. നാളെയും ഒരു പ്രഭാതമുണ്ടെന്നോ, അതോ ഇനിയും എത്ര സമയം നീ തനിച്ചിരിക്കണമെന്നോ. അതും അറിയില്ല. ഒന്നിൽ പ്രതീക്ഷയും മറ്റൊന്നിൽ നിരാശയും.

ശരിക്കും തന്റെ ഭാഗത്തും തെറ്റുണ്ടാവും. എല്ലാവരിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചത്‌. അല്ലങ്കിൽ ഒരുപാട്‌ സ്നേഹിക്കാൻ ശ്രമിച്ചത്‌.

രവി ആലോചിക്കുകയായിരുന്നു. പതിനാറാമത്തെ വയസ്സിൽ പത്ര വിതരണത്തിൽ തുടങ്ങിയതാണ്‌ അലച്ചിൽ. വീട്ടിലെ കഷ്ടപ്പാടൊക്കെ എന്നും തനിക്ക്‌ പ്രചോദനമായിട്ടേയുള്ളൂ. ഒരുപാട്‌ ജോലികൾ ചെയ്തു. സീസണിൽ പടക്കവും കേക്കും കച്ചവടം മുതൽ പെയ്ന്റിംഗും കൃഷിയും പിന്നെ ഇരുമ്പ്‌ പണിയും... ഹോട്ടലിലും ബാറിലും ജോലി നോക്കി. പിന്നങ്ങോട്ട്‌ കമ്പ്യൂട്ടറും ഡി.ടി.പി യും, ഇപ്പോൾ ഡിസൈനിംഗും... കൂട്ടത്തിൽ പഠനവും.

രണ്ടു മൂന്ന് വർഷം മുൻപു വരെ അലച്ചിൽ മാത്രമായിരുന്നു ബാക്കി. ഇപ്പോഴാണ്‌ ഒന്ന് പച്ച പിടിച്ചുതുടങ്ങിയത്‌. ഇതുവരെ കിട്ടുന്ന പണമൊക്കെ സ്വന്തം ചിലവും കഴിഞ്ഞ്‌ കുടുംബത്തിന്റെ കടം തീർക്കാനായി ചിലവഴിക്കുകയായിരുന്നു. വീട്‌ വയ്ക്കാനായും മറ്റും പലരോടായി പലപ്പോഴായി വാങ്ങിയ കടങ്ങൾ. ഇനിയുമുണ്ട്‌ കുറച്ചു കൂടി. എങ്കിലും അത്‌ സമാധാനമുണ്ട്‌. സ്വന്തം പേരിൽ ബാങ്ക്‌ ലോണുകൾ കൂടിയെങ്കിലും വീട്ടിൽ കടം കുറഞ്ഞുവല്ലോ. അച്ചനും അതു തന്നെയാണ്‌ പറഞ്ഞത്‌. വീട്ടിലേയ്ക്ക്‌ തരാനൊന്നുമില്ലങ്കിലും പുരയിടത്തിന്റെ കടം കുറച്ചെങ്കിലും കുറയുമല്ലോ. അവർക്കും അതു മതിയായിരുന്നു. കുറച്ചു പണമെങ്കിലും എല്ലാ മാസവും വീട്ടിലേയ്ക്ക്‌ കൊടുക്കുവാൻ തനിക്ക്‌ അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും...

ഇനിയുമുണ്ട്‌ കുറച്ചുകൂടി ഉത്തരവാദിത്വങ്ങൾ. അനിയത്തിമാരുടെ കല്യാണം നടത്തണം. വീട്‌ കുറച്ച്‌ കൂടി നല്ലതായി പണിയണം. പിന്നെ തന്റെ പെണ്ണിനെ അന്തസ്സായി കെട്ടിക്കൊണ്ട്‌ വരണം. എല്ലാം കൂടി നടക്കണമെങ്കിൽ എത്ര പണം വേണ്ടി വരും. വേണ്ട ആലോചിക്കാതിരിക്കുകയാണ്‌ നല്ലത്‌. അമ്മ പറയും പോലെ എല്ലാം തക്ക സമയത്ത്‌ ദൈവം നടത്തിതരും. നടത്തി തന്നോട്ടെ. ഒരു വിരോധവുമില്ല.

എങ്കിലും കഴിഞ്ഞ തവണ നാട്ടിൽ ചെന്നപ്പോൾ അച്ചൻ ചോദിച്ചു. ഇത്രയും കാലം പണിയെടുത്തിട്ട്‌ നിന്റെ കൈയ്യിൽ എന്തുണ്ട്‌ സമ്പാദ്യമെന്ന്. എന്റെ സമ്പാദ്യം നിങ്ങളല്ലേയെന്ന് തമാശായി മറുപടി പറഞ്ഞെങ്കിലും മനസ്സ്‌ വേദനിച്ചിരുന്നു. എന്തുണ്ട്‌ ബാക്കി. കുറെ കടങ്ങൾ മാത്രം. ഇനിയും എങ്ങനെ ജീവിച്ചാലാണ്‌ എന്തെങ്കിലും ബാക്കി കിട്ടുക. അറിയില്ല. ഇനിയുള്ള രണ്ട്‌ വർഷങ്ങൾക്കുള്ളിൽ എത്ര പണം ഉണ്ടാക്കിയാലാണ്‌ മതിയാവുക. ഏതോ സിനിമയിൽ, ദാരിദ്യം കൊണ്ട്‌ പൊറുതിമുട്ടിയ കൂട്ടുകാർ ഇനിയെന്ത്‌ എന്നാലോചിക്കുമ്പോൾ മോഹൻലാലിനോട്‌ ചോദിക്കുമ്പോലെ, കള്ളക്കടത്ത്‌ തുടങ്ങിയാലോ. അതിനുള്ള മറുപടിയും അതിലുണ്ട്‌, എന്തോന്നെടുത്തു വച്ചു കടത്തും.

കുറച്ചുകാലമായി ഇതൊക്കെ മനസ്സിൽ കിടന്ന് നീറുകയാണ്‌. ഇപ്പോ അത്യാവശ്യം എന്തെങ്കിലും ആലോചിക്കാനെങ്കിലും സാധിക്കും. അത്യാവശ്യം തരക്കേടില്ലാത്ത ഒരു ജോലിയുണ്ട്‌. മാസാവസാനം ബാങ്കിലടയ്ക്കാനുള്ളതെങ്കിലും കയ്യിൽ ഉണ്ടാവും.വേറെ ബാധ്യതയൊന്നുമില്ലായിരുന്നുവെങ്കിൽ ജീവിക്കാൻ ഇതു ധാരാളം മതി. പക്ഷേ തന്റെ അവസ്ഥ അതല്ലല്ലോ. വേറെ ഒരു നല്ല കമ്പനിയിലേക്ക്‌ മാറാൻ സാധിച്ചിരുന്നെങ്കിൽ കുറച്ചുകൂടി ആശ്വാസം കിട്ടുമായിരുന്നു. അപ്പോഴാണ്‌ ഈ വൃത്തികെട്ട സാമ്പത്തിക മാന്ദ്യം. മിക്കവാറും കമ്പനികളൊക്കെ പുതിയ നിയമനം നിറുത്തി വച്ചിരിക്കുന്നു. കഷ്ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപോലെയായി.

ഇതുവരെ ഒരാശ്വാസം സുഹൃത്തുക്കളായിരുന്നു. കുറെ നല്ല സൗഹൃദങ്ങൾ... വിഷമങ്ങളും സന്തോഷങ്ങളുമൊക്കെ പരസ്പരം പങ്കു വയ്ക്കുന്ന സുഹൃത്തുക്കൾ. പരസ്പരം മനസിലാക്കുന്നവർ.

പക്ഷേ എല്ലാറ്റിന്റെയും നിറം കുറഞ്ഞുപോയപോലെ. ഇപ്പോ ആർക്കും പരസ്പരം മനസ്സിലാക്കാനാവുന്നില്ല. ഒരാളിൽ നിന്നും നേട്ടങ്ങളൊന്നുമില്ലങ്കിൽ വലിച്ചെറിഞ്ഞു കളയാൻ മാത്രം ദുർബ്ബലമായ ബന്ധങ്ങൾ. നെഞ്ചോട്‌ ചേർത്തു വച്ച്‌ ഓമനിച്ചിരുന്ന സൗഹൃദങ്ങൾ പോലും സ്വാർത്ഥമായ കാര്യങ്ങൾക്ക്‌ വേണ്ടി അകലുന്നു.

അല്ലങ്കിൽ പിന്നെ എല്ലാം തന്റെ ചിന്താഗതികളുടെയാവാം. താൻ ഒന്നും കൂടുതൽ പ്രതീക്ഷിക്കരുതായിരുന്നു. ഒരാൾ നമ്മോട്‌ എങ്ങനെ പെരുമാറണമെന്ന് നാം ആശിച്ചിട്ട്‌ എന്തുകാര്യം.

രാവിലത്തെ സംഭവത്തെപ്പറ്റി രവി ഓർത്തു പോയി.

തിരക്കു പിടിച്ച ഒരു പ്രഭാതമായിരുന്നു ഇന്ന്. എണീറ്റപ്പോൾ തന്നെ വളരെ വൈകിയിരുന്നു. വേഗത്തിൽ കാര്യങ്ങൾ നടത്തി ഒരുങ്ങിയിറങ്ങുമ്പോളാണ്‌ അരവിന്ദന്റെ കോൾ വന്നത്‌. അരവിന്ദൻ തന്റെ നല്ല സുഹൃത്താണ്‌. മൂന്നാല്‌ വർഷത്തെ സൗഹൃദം. കലഹിച്ചാലും പെട്ടന്നിണങ്ങുന്ന സുഹൃത്ത്‌.

ഡാ, നീയിതെവിടാ?

റൂമിലാ അളിയാ. ഇറങ്ങാൻ തുടങ്ങുകാ.

ഡാ, ഞാൻ നിനക്കൊരു മെയിൽ അയക്കുന്നുണ്ട്‌. ഒരു വർക്ക്‌. ഒന്നു സെറ്റപ്പായിട്ട്‌ ചെയ്തേക്കണം.

എന്തു വർക്കാടാ?

ഒരു കല്യാണക്കുറി. നിന്റെ ജാതിയിൽ പെട്ട ഒരുത്തന്റെയാ. എന്റെ കൂടെയാ വർക്ക്‌ ചെയ്യുന്നത്‌.

പെട്ടന്ന് ദേഷ്യമാണ്‌ തോന്നിയത്‌. ജാതിയും മതവുമൊന്നും നോക്കാറില്ലന്ന് കൂടെക്കൂടെ പറയാറുള്ള ഇവൻ എന്തിനാ ഇപ്പൊ ജാതിക്കണക്ക്‌ പറയുന്നതാവോ. എന്റെ ജാതിയാന്നു കേട്ടാൽ ഞാൻ ഉത്സാഹത്തോടെ ചെയ്യും എന്നു കരുതിയിട്ടാണോ. ഒന്നാമതേ ആകെപ്പാടെ മൂഡ്‌ ശരിയല്ലാത്ത ദിവസങ്ങൾ. ഒരു ഡിസൈനിംഗ്‌ വർക്ക്‌ ചെയ്യുമ്പോൾ അതിന്റെ മൂഡിൽ ഇരുന്നു ചെയ്യണം. ഇല്ലങ്കിൽ പിന്നെ ഒരു തരത്തിലും ശരിയാവില്ല.

അളിയാ. നീ കമിറ്റ്‌ ചെയ്യേണ്ടാ. ഞാൻ ഓഫീസിൽ ചെന്നിട്ട്‌ സിറ്റുവേഷൻ നോക്കീട്ട്‌ പറയാം.

നീ മനസ്സുവച്ചാൽ നടത്താവുന്നതേയുള്ളൂ.

എടാ, എനിക്ക്‌ ഓഫിസിൽ നിന്നും വർക്ക്‌ ചെയ്യാൻ പറ്റില്ല. മാനേജർ എന്റെ തൊട്ടടുത്താ ഇരിക്കുന്നത്‌. ഫയൽ ഡൗൺലോഡ്‌ ചെയ്ത്‌ റൂമിൽ വന്ന് ചെയ്യാമെന്ന് വച്ചാൽ ഇപ്പോ സെക്യൂരിറ്റി സിസ്റ്റം ഭയങ്കര സ്റ്റ്രിക്ടാക്കിയേക്കുകാ. പെൻ ഡ്രൈവിലേക്ക്‌ കോപ്പി ചെയ്തെടുക്കുവാൻ സാധിക്കില്ല. അതാ ഞാൻ പറഞ്ഞത്‌ പോയി സിറ്റുവേഷൻ നോക്കീട്ട്‌ പറയാമെന്ന്. തന്നെയുമല്ല ഞാൻ മറ്റന്നാൾ നാട്ടിലേയ്ക്ക്‌ പോകുകല്ലേ. അതിനിടയിൽ എപ്പോഴാ ഇത്‌ തീർക്കുന്നത്‌.

നീ അത്രയും കഷ്ടപ്പെട്ട്‌ ചെയ്യണ്ടെടാ. സാരമില്ല.

ശരി. ഞാൻ നോക്കീട്ട്‌ വിളിക്കാം.

ഓകെ. ബൈ.

ഓഫീസിലേയ്ക്ക്‌ പോകുമ്പോൾ ഓർക്കുകയായിരുന്നു. എന്തിനാ അവൻ ഇങ്ങനെ ഓരോന്ന് ഏറ്റെടുക്കുന്നത്‌. ഇതുവരെ അവന്റെ പല സുഹൃത്തുക്കളുടെയുമായി എത്രയോ വർക്ക്‌ താൻ ചെയ്ത്‌ കൊടുത്തിരിക്കുന്നു. അത്യാവശ്യമാണന്ന് അവൻ പറയുന്നതു കൊണ്ട്‌ മാത്രം രാവും പകലും ഉറക്കമിളച്ചിരുന്ന് എത്ര തവണ താൻ വർക്ക്‌ ചെയ്തിരിക്കുന്നു. തിരുത്തലുകളും റീവർക്കുകളുമായി അവൻ കമിറ്റ്‌ ചെയ്തു പോയതിനാൽ മാത്രം ക്ഷമയോടെ താൻ വർക്ക്‌ തീർത്തു കൊടുക്കുമായിരുന്നു. ഓരോ വർക്കിനുമുള്ള പ്രയത്നം എത്രയാണെന്ന് അവനു നല്ലതുപോലെ അറിയുകയും ചെയ്യും. ഇതൊന്നും ഏതെങ്കിലും തരത്തിൽ തനിക്ക്‌ ഉപകാരമുള്ളവയായിരുന്നില്ല. താൻ അറിയുകപോലുമില്ലാത്തവർക്കു വേണ്ടി തന്റെ സുഹൃത്ത്‌ ഏറ്റെടുത്തു പോയത്‌ കൊണ്ട്‌ മാത്രം. എന്നിട്ടോ ഒരു നന്ദി പോലും പറയാതെ അവരൊക്കെ വർക്കുമായി റ്റാറ്റാ പറഞ്ഞ്‌ പോവുകയും ചെയ്യും. എന്നാലും വീണ്ടും ആരെങ്കിലും എന്തെങ്കിലും വർക്കിന്റെ കാര്യം പറഞ്ഞാൽ അവൻ അതെല്ലാം ഏറ്റെടുക്കും. ഒരിക്കലെങ്കിലും അത്‌ തനിക്ക്‌ പറ്റുന്ന സമയത്താണോ എന്നു അവൻ തിരക്കിയിട്ടില്ല.

എന്തെങ്കിലുമാവട്ടെ അവനെങ്കിലും സന്തോഷമാവുന്നുണ്ടല്ലോ. അതു മതി. പറ്റുമെങ്കിൽ ഇതും ചെയ്തുകൊടുക്കണം.

ഓഫീസിൽ എത്തിയപ്പോൾ വൈകിയിരുന്നു. മാനേജർ പതിവു പോലെ മുഖം കറുപ്പിച്ചിരിക്കുന്നു. സിസ്റ്റം ഓൺ ചെയ്തു. ഇന്ന് എത്ര വർക്ക്‌ വന്ന് കിടപ്പുണ്ടോ ആവോ. മെയിൽ ബോക്സ്‌ തുറന്നു. ആദ്യത്തെ മെയിൽ അരവിന്ദന്റെയാണല്ലോ. ഓപ്പൺ ചെയ്ത്‌ നോക്കി. വർക്കിന്റെ ഡീറ്റയിൽസാണ്‌ പ്രതീക്ഷിച്ചത്‌. പക്ഷെ മെയിൽ ഇങ്ങനെയായിരുന്നു.

താങ്ക്സ്‌ മച്ചാ!. ഞാൻ നിന്നോടുള്ള എല്ലാം ഇവിടെ നിർത്തുന്നു. സൗഹൃദവും സഹകരണവും എല്ലാം. ഇത്‌ ഒരു ചെറിയ കാര്യമായിരിക്കും. പക്ഷെ എനിക്ക്‌ നിന്റെ ആപ്റ്റിറ്റ്യൂട്‌ തീരെ ഇഷ്ടപ്പെട്ടില്ല. ഇനി ഇതിന്റെ പേരിൽ ഒരു സംസാരമോ മെയിലോ എനിക്കാവശ്യമില്ല. ഞാൻ ഒരു തവണ വേണ്ടാന്നു വച്ചാൽ പിന്നെ അത്‌ വേണ്ടാന്നു തന്നെ.
എല്ലാറ്റിനും നന്ദി. ബൈ.

അരവിന്ദൻ.

കുറച്ചു നേരം അങ്ങിനെ ഇരുന്നു പോയി. ഓർമ്മകൾ മൂന്നാലു വർഷം പിറകോട്ട്‌ പോയി വന്നു. ഒരു പാത്രത്തിൽ നിന്നും കഴിച്ചിരുന്ന കാലം മുതൽ ഇപ്പോ ഈ അവസ്ഥയിലാവുന്നതു വരെ.

തനിക്കാണ്‌ പിഴച്ചത്‌. ഒന്നിലും ഒരു പരിധി വിട്ട്‌ അടുക്കരുതായിരുന്നു. ആരോടും. എങ്കിൽ വേദനിപ്പിക്കുന്ന അനുഭവങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു. ഇത്ര കാലം ഉണ്ടായിരുന്ന ബന്ധമൊക്കെ ഒരു നിമിഷംകൊണ്ട്‌ തീരില്ലായിരുന്നു.

അവനു താൻ ഒരു സുഹൃത്തേയല്ലായിരുന്നുവെന്ന് തിരിച്ചറിയണമായിരുന്നു. ആയിരുന്നുവെങ്കിൽ അവൻ തന്നെ മനസ്സിലാക്കുമായിരുന്നു.

ഇല്ല സുഹൃത്തേ. ഞാൻ ദുഃഖിക്കില്ല. ഞാൻ ദുഃഖിക്കുന്നതിൽ അർത്ഥമില്ല. ഇത്‌ ഇന്നത്തെ ലോകം. സ്വാർത്ഥതയെ വെറുക്കുന്നുവെന്ന് ഉറക്കെ വിളിച്ചു പറയുന്നവർ പോലും സ്വാർത്ഥരാവുന്ന ലോകം.

രവി കണ്ണുകളടച്ചു.

വഴിയിലൂടെ ഒരു വാഹനം ചീറിപ്പാഞ്ഞു പോയി.

മനസ്സ്‌ ശാന്തമാക്കാൻ ആരെങ്കിലും എന്തെങ്കിലും മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടാവുമോ. ആരോടെങ്കിലും കുറച്ചുനേരം സംസാരിക്കണം. ഇവിടെ ഈ മുറിക്കുള്ളിൽ താൻ തികച്ചും ഒറ്റയ്ക്കായെന്ന് രവി ഓർത്തു. ഇതു വരെ ഒറ്റയ്ക്കാണങ്കിലും ഒരു വിളിപ്പാടകലെ ആരെല്ലാമോ ഉണ്ടെന്നു കരുതിയിരുന്നു. ഇനി ഒന്നും കരുതാനില്ല. ഈ നഗരം തനിക്ക്‌ മടുത്തു തുടങ്ങിയെന്ന് രവി തിരിച്ചറിഞ്ഞു.

വെറുതേ ഫോണിലെ കോണ്ടാക്ട്‌ ലിസ്റ്റിലൂടെ അയാൾ കണ്ണോടിച്ചു. അച്ചു. അവൻ ഇപ്പോ എവിടെയായിരിക്കും. അവനും തന്റെ ചങ്ങാതിയാണല്ലോ. രവി ഫോൺ ഡയൽ ചെയ്തു.

അച്ചൂ. നീ എവിടാ.

അളിയാ. ഞാൻ ഇപ്പോ ഹൈദെരാബാദിലാടാ. എന്തൊക്കെയാ വാർത്തകൾ?

നല്ല വാർത്തകൾ മച്ചൂ. സുഖമായിരിക്കുന്നു. നിന്നോട്‌ കുറച്ചു നേരം സംസാരിക്കണമെന്നു തോന്നി.

അളിയാ അത്യാവശ്യമൊന്നുമില്ലങ്കിൽ നിന്നെ ഞാൻ പിന്നെ വിളിക്കാം. ഞാൻ ഒരു ഫിലിം കണ്ടോണ്ടിരിക്കുകാ.

ശരിയെടാ. വിശേഷമൊന്നുമില്ല. ഞാൻ പിന്നെ വിളിക്കാം.

ഓകെ അളിയാ. ബൈ.

അവന്‌ അവന്റെ തിരക്ക്‌. എന്തു ചെയ്യാൻ. ഇനിയാര്‌...
കോണ്ടാക്ട്‌ ലിസ്റ്റ്‌ വീണ്ടും താഴേയ്ക്ക്‌ നീങ്ങി. ആനന്ദ്‌, ഗോമസ്സ്‌, അനുരാധ, വൈശാഖ്‌... വേണ്ട. എല്ലാവർക്കും തിരക്കായിരിക്കും. വീണ്ടും താഴേയ്ക്ക്‌...

സംഗീതാ ഹോസ്റ്റൽ. തന്റെ പെണ്ണിന്റെ ഹോസ്റ്റൽ. അവളെ വിളിച്ചാലോ. ഇപ്പോ പെർമ്മിഷൻ കാണുമോ ആവോ. പിന്നെ ഓർത്തു. ഇന്ന് പത്തു മണി വരെ പെർമ്മിഷൻ ഉണ്ടല്ലോ. വിളിച്ചിട്ടെന്തു പറയാൻ. അരവിന്ദൻ പിണങ്ങിയെന്നോ. അവളുടെ കൊച്ചു കൊച്ചു പിണക്കങ്ങളെയൊക്കെ ഉപദേശിച്ചു നേരെയാക്കാൻ ശ്രമിക്കാറുള്ള താൻ ഇന്ന് തന്റെ സൗഹൃദം നിലച്ച കഥ പറയണോ. അവളെന്തു പറയാൻ. തന്റെയും അരവിന്ദന്റെയും സൗഹൃദം വളരെ നന്നായി അവൾക്കറിയാം. എങ്കിലും അവളോട്‌ സംസാരിക്കുമ്പോൾ മനസ്സ്‌ എപ്പോഴും ശാന്തമാകും. അവൾ ആശ്വസിപ്പിക്കുമ്പോൾ ഒരു ധൈര്യം താനേ വരും. എല്ലാം ശരിയാവും രവീ എന്നു അവൾ പറയുന്നതു കേട്ടിട്ട്‌ ഉറങ്ങാം.

രവി നമ്പർ ഡയൽ ചെയ്തു.

ആരോ ഫോൺ എടുത്തു.

അർച്ചനയെ ഒന്നു വിളിക്കാമോ.

ശരി. ഹോൾഡ്‌ ചെയ്യൂ.

അർച്ചനാ.... ഫോൺ. ആരോ ഉറക്കെ വിളിച്ച്‌ പറയുന്ന ശബ്ദം രവി കേട്ടു.
അൽപ്പ സമയം കാത്തിരിക്കേണ്ടി വന്നു അർച്ചന ലൈനിൽ വരാൻ.

കൊച്ചേ. ഞാനാ.

അയ്യോ. ഇതെന്താ ഇപ്പോ.

ചുമ്മാ വിളിച്ചതാ. എന്തൊക്കെയുണ്ട്‌ വിശേഷം.

വിശേഷമൊന്നുമില്ല. പിന്നേ ഇന്നു സൗമ്യയും ആതിരയും വന്നു. ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. കുറേ സാധനങ്ങളൊക്കെയുണ്ടായിരുന്നു. എല്ലാരും കൂടെ അതു തീർത്തോണ്ടിരിക്കുകായിരുന്നു. പിന്നെ രമ്യ എനിക്കു ലെറ്റർ അയച്ചിട്ടിണ്ടായിരുന്നു. അവൾക്കു വിശേഷമൊന്നുമില്ല. നാട്ടിൽ വരുമ്പോൾ കാണാമെന്ന് പറഞ്ഞിട്ടുണ്ട്‌. പിന്നെ, പിന്നെ ഒന്നുമില്ല. ഇത്രെയൊക്കെയുള്ളൂ. പിന്നെ നിനക്കു സുഖാണോടാ...

പിന്നേ. പരമസുഖം.

എന്താ എന്തു പറ്റി.

ഒന്നൂല്ലാ കൊച്ചേ. ഇന്ന് ഒരു വൃത്തികെട്ട ദിവസമായിരുന്നു. അരവിന്ദൻ പിണങ്ങിപ്പോയി.

അയ്യോ അതെന്താ?

എല്ലാ നീറ്റലോടും കൂടെ രാവിലത്തെ സംഭവം രവി വിവരിച്ചു. അവന്റെ സ്വരം പലപ്പോഴും ഇടറുന്നുണ്ടായിരുന്നു. പറഞ്ഞു തീർത്തപ്പോൾ രവിക്ക്‌ ഒരു മഴ പെയ്തൊഴിഞ്ഞ പോലെ തോന്നി. അവൾ എല്ലാം കേട്ടു നിന്നു.

കൊച്ചേ, നീ പറ. ഇത്ര ചെറിയ കാര്യത്തിന്‌ അവസാനിപ്പിക്കാൻ മാത്രം ഞങ്ങൾ അത്രയ്ക്ക്‌ അന്യരായിരുന്നോ. നിനക്കറിയാവുന്നതല്ലേ എല്ലാം.

കുറച്ചു നേരത്തേയ്ക്ക്‌ അർച്ചന ഒന്നും മിണ്ടിയില്ല.

നീ പോയോ. എന്താ മിണ്ടാത്തേ.

ആ രവീ, പിന്നെ വേറൊരു കാര്യം. ഞങ്ങൾക്കിവിടെ ഇന്നലെ ഒരു സെലിബ്രേഷൻ ഉണ്ടായിരുന്നു. എല്ലാരും ഭയങ്കര ആഘോഷം. പാട്ടും ഡാൻസും. ഞങ്ങൾ അടിച്ചുപൊളിച്ച്‌ നടക്കുകയായിരുന്നു. ഫോട്ടോസ്‌ ഒക്കെ എടുത്തിട്ടുണ്ട്‌. ഞാൻ വരുമ്പോൾ കാണിക്കാട്ടോ.

അൽപ്പ സമയത്തേയ്ക്ക്‌ രവി ഒന്നും മിണ്ടിയില്ല. പിന്നെ മെല്ലെ പറഞ്ഞു.

ശരി. ഞാൻ പിന്നെ വിളിക്കാം. ഞാനും ഇത്തിരി തിരക്കിലാ...

കതക്‌ വലിച്ചടച്ചിട്ട്‌ രവി കിടക്കയിലേയ്ക്ക്‌ വീണു.

പുറത്ത്‌ തണുപ്പിന്‌ ശക്തി കൂടുകയായിരുന്നു.

Wednesday, November 12, 2008

ഉത്തരഹള്ളിയിലെ സന്ധ്യകൾ...

"ഡാ മുടിഞ്ഞ വെയ്റ്റാണല്ലൊ നിന്റെ ബാഗിന്‌, ഇതിനു മാത്രം എന്താ ഇതിൽ?" ബാഗ്‌ എടുത്തു കൊണ്ടു മുകളിലേയ്ക്കുള്ള പടി കയറുമ്പോൾ മനോജ്‌ പറഞ്ഞു.

"ഇനി ഈ ഞാൻ തന്നെ നിനക്കൊരു ഭാരമാവാൻ പോകുവല്ലേ ഡിയർ. അതു വച്ചു നോക്കുമ്പൊൾ ഇതൊക്കെ ചുമ്മാ പിള്ളേരു കളി." ഞാൻ കിടക്കയും തോളത്തു വച്ചു പുറകെ കയറി.

"പക്ഷേ അളിയാ, നിനക്ക്‌ രണ്ടു ബാഗും ഒരു കിടക്കയും എടുത്തോണ്ട്‌ എങ്ങോട്ടു വേണേലും എപ്പൊ വേണേലും പൊകാല്ലോ. എനിക്കു ഈ വീട്ടിലെ സാധനങ്ങളും പായ്ക്കു ചെയ്തു ഇനിയും എങ്ങോട്ടെങ്കിലും മാറണമെന്നു ചിന്തിച്ചാൽ തന്നെ വട്ടാകും"

അവസാനത്തെ പായ്ക്കും മുകളിലെത്തിച്ചിട്ട്‌ ഒന്നു നടു നിവർത്തിയപ്പോഴേയ്ക്കും താഴെ ഓട്ടോക്കാരന്റെ ഹോണടി ഗാനമേള കൊഴുത്തു തുടങ്ങി.

പേഴ്സും എടുത്തു തഴേയ്ക്കിറങ്ങി. ഇനി അടുത്ത യുദ്ധം.

"കിത്തനെ ഹെ ഭായി?"

"ദോ സൗ സാബ്‌"

അതു തീരെ കുറഞ്ഞു പോയില്ലേ ചങ്ങാതീ? ഒരു മുന്നൂറെങ്കിലും ചോദിക്കേണ്ടേ? മഡിവാളയിൽ നിന്നും നൊർമൽ റെയ്റ്റ്‌ എൺപതേയുള്ളൂ. ഇതിപ്പോ രണ്ടു ബാഗും ഒരു കുഞ്ഞു കിടക്കയും കൂടി എന്റെ കൂടെ വണ്ടിയിലുണ്ടായിരുന്നതു കൊണ്ട്‌ ഒരു പത്തു മുപ്പതു രൂപാ കൂടിയൊക്കെ കൂടുതൽ ചോദിക്കൂ. അത്രയുമൊക്കെ ന്യായം, ചിന്തിതം, സഹിക്കബിൾ. ഇതൊരുമാതിരി...

"അരേ ഭയ്യാ, മീറ്റർ മെം ബസ്സ്‌ എയിറ്റി റ്റു ഹെ നാ. യെ ദോ സൗ കിതർ സെ ആയാ?"

"ഇതനാ സാമാൻ ഹെ നാ സാബ്‌"

"തോ ക്യാ, മെരാ പൂരാ ലഗേജ്‌ കോ ഇതനാ പൈസാ നഹി ആയെഗാ. മെം സൗ രുപയാ ദേദൂംഗാ"

"റോഡ്‌ അച്ചാ നഹി ഹൈ സാബ്‌. വാപസ്‌ ജാനെ കേലിയെ കൊയി നഹി മിലെഗാ. വൺ ഫിഫ്റ്റി ദേ ദോ"

പിന്നേ റോഡ്‌ കണ്ണാടി പൊലെ കിടന്നാലും തന്റെ ഈ കേരളാ ട്രാൻസ്പോർട്ട്‌ പോലത്തെ ചടാക്കിൽ ആരു കേറാനാ?

അവസാനം നൂറ്റിയിരുപതിൽ ഉറച്ചു.

നന്നാവൂല്ലാ, ബാംഗ്ലൂർ ഈ ജന്മത്തു നന്നാവൂല്ല... ഓട്ടോയിൽ കേറുമ്പോഴൊക്കെ പതിവായി മനസ്സിൽ തൊന്നുന്നതു പതിവു തെറ്റിക്കാതെ ഇക്കുറിയും തോന്നി.

"അളിയാ ഈ കോപ്പന്മാർ ഒടുക്കത്തെ ബ്ലേഡാണല്ലൊ"

"മ്‌... എത്ര കൊടുത്തു?" സാധനങ്ങൾ ഒരുവിധം ഒതുക്കിക്കൊണ്ട്‌ അവൻ ചോദിച്ചു.

"നൂറ്റിയിരുപത്‌"

"ഹേയ്‌, അതു വളരെ കുറവാ. ഞാൻ ചിലപ്പോ അതിലും ഒത്തിരി കൂടുതൽ കൊടുത്താ വരാറ്‌"

അതു ശരി. അപ്പൊ തമ്മിൽ ഭേദം ഞാൻ തന്നെയാന്ന് തോന്നുന്നു. ഞാൻ ഹാപ്പിയായി.

"അപ്പോ നമ്മളൊരുമിച്ചു വീണ്ടും കുറച്ചു കാലം. അല്ലേ മച്ചൂ"

ഒറ്റയ്കിരുന്ന് മടുത്ത റോബിൻസൺ ക്രൂസ്സോയുടെ അടുത്തേയ്ക്കു ഏതെങ്കിലും ബല്യകാല ചങ്ങാതി ഒരു പായ്ക്കറ്റ്‌ ഗോൾഡ്‌കിങ്ങ്സും, ഒരു മക്ഡവൽസ്‌ പൈൻഡും കൊണ്ടു വഴിതെറ്റി വന്നിരുന്നെങ്കിൽ അങ്ങേർക്കുണ്ടാകാമായിരുന്ന ആ ഒരു സന്തോഷം അതു പറയുമ്പൊൾ മനോജിന്റെ മുഖത്തുണ്ടായിരുന്നു.

"അതെ അളിയാ, എന്നോ കഴിഞ്ഞു പോയെന്നു കരുതിയിരുന്ന നമ്മുടെ ആ പഴയ ലൈഫ്‌. നമുക്കിതൊന്നു കൊഴുപ്പിക്കണം. പണ്ട്‌ കൊച്ചിയിലെപ്പോലെ"

ഏതോ തടിയിൽ കെട്ടിപ്പിടിച്ചു കിടന്ന് അവസാനം ഒരു ദ്വീപിലെത്തിയ പൊലെ, അല്ലങ്കിൽ ആ ദ്വീപിൽ പണ്ടത്തെ ക്രൂസ്സോ ചങ്ങാതിയെ കണ്ട പോലെ. അതൊക്കെ തന്നെയായിരുന്നു എന്റെയും അവസ്ത.

"നീ ഒന്നു വന്നിട്ടാകാമെന്നു കരുതിയാ. കഴിഞ്ഞ മൂന്നു മാസമായിട്ട്‌ ഞാൻ ഭയങ്കര ഡീസെന്റാ. ഒറ്റയ്ക്കു വെള്ളമടിക്കാൻ ഇതു വരെയും ഒരു മൂഡ്‌ കിട്ടിയില്ല" അവൻ ചിരിച്ചു.

"അപ്പോ എന്താ നമ്മുടെ ഫസ്റ്റ്‌ പ്രോഗ്രാം? ബാറിലോ അതോ ബിവറേജസിലോ?"

"നീ പറ. ഞാൻ എന്തിനും റെഡി"

"അപ്പോ ചലോ ബിവറേജസ്‌"

ബൈക്ക്‌ താഴെ സ്റ്റർട്ടായികഴിഞ്ഞു.
------------------------------------------------------

മക്ഡൊവെൽസ്‌ സെലിബ്രേഷന്റെ റോയൽ ബ്രൗൺ കളർ. ഐസ്‌ ക്യൂബുകളുടെ തണുപ്പിനെ ലഹരിയുടെ ചൂട്‌ ഏറ്റുവാങ്ങുന്നു. അങ്ങിനെ ചൂടും തണുപ്പും ഇണ പിരിയാതെ സിരകളിലേയ്ക്ക്‌. പാതിയടഞ്ഞ്‌ തുടങ്ങിയ കണ്ണുകളിൽ സിഗരറ്റിന്റെ കനൽ പ്രതിഫലിച്ചു.

"Fire at one end and a fool at other end" പുക ആഞ്ഞു വലിച്ചു തീ ശരിയാക്കി കൊണ്ട്‌ മനോജ്‌ പറഞ്ഞു.

"Yes. I am a fool. ജീവിക്കാനറിയാത്ത വിഡ്ഢി". അവൻ പതിയെ ബാൽക്കണിയിലേയ്ക്കിറങ്ങി.

മനോഹരമായ ഒരു സായാഹ്നം. നോക്കെത്താ ദൂരത്തിൽ പരന്നു കിടക്കുന്ന ഉത്തരഹള്ളിയുടെ സുന്ദര ദൃശ്യം. ഭൂരിഭാഗവും കെട്ടിടങ്ങളുടെ മേൽക്കൂരകൾ തന്നെ. തീപ്പെട്ടിക്കൂടുകൾ അടുക്കി വച്ചതു പൊലെ. അതിനും അപ്പുറം ചെഞ്ചായം പൂശിത്തുടങ്ങിയ ആകാശത്തിനു താഴെ വെള്ളി മേഘങ്ങൾ ഉമ്മ കൊടുത്തു ചുവപ്പിച്ചതു പോലെ ഒരു കുന്ന്. കുന്നിനു മുകളിൽ അമ്പലമോ പള്ളിയോ അങ്ങിനെ എന്തോ ഒന്ന് അവ്യക്തമായി കാണാം. തണുപ്പുള്ള ഒരു കുഞ്ഞിക്കാറ്റ്‌ മുഖത്തു തഴുകുന്നു. ഒരു മൂളിപ്പാട്ടും പാടി അന്തിക്ക്‌ ഒന്ന് മിനുങ്ങാൻ പോകുന്ന കാരണവന്മാരെ പോലെ കുന്നിനപ്പുറത്തേയ്ക്ക്‌ വേഗത്തിൽ പോകുന്ന സൂര്യൻ.

"അളിയാ കൊള്ളാം. നിന്റെ ഉത്തരഹള്ളി. ആദ്യം ഈ സ്ഥല പേരു കേട്ടപ്പോൾ ഏതോ കാട്ടുമുക്കാണെന്നാ കരുതിയത്‌" ബാൽക്കണിയിലേയ്ക്ക്‌ കസേര വലിച്ചിടുമ്പോൾ ഞാൻ അവനോട്‌ പറഞ്ഞു.

"ഈ ബാൽക്കണി എനിക്ക്‌ വല്ലാതങ്ങ്‌ ഇഷ്ടപ്പെട്ടു." ഒരു സിഗരട്ടിന്‌ ഞാനും തീ കൊളുത്തി.

"ഒറ്റയ്ക്ക്‌ ഒരു പത്ത്‌ ദിവസം താമസിച്ചു നോക്കൂ. എല്ലാ ഇഷ്ടവും പോകും" സിഗരറ്റിന്റെ ചാരം തട്ടിക്കൊണ്ട്‌ അവൻ കുന്നിൻ ചെരുവിലേയ്ക്ക്‌ നോക്കി.

"കഴിഞ്ഞ മൂന്ന് മാസം കൊണ്ട്‌ ഞാൻ അത്‌ ഒരുപാട്‌ അറിഞ്ഞു. ആരും വിളിക്കാറുമില്ല, കാണാറുമില്ല. ഞാൻ എങ്ങോട്ടും പോകാറുമില്ല. എല്ലാം കൊണ്ടും ഒറ്റയ്ക്ക്‌." അവൻ ഒരു ദീർഘശ്വാസം എടുത്തു.

"നീ ഇവിടെ അത്രയ്ക്കും ഒറ്റപ്പെട്ടുപോയെന്ന് ഞാൻ അറിഞ്ഞില്ല മച്ചൂ. കല്യണം കഴിഞ്ഞ്‌ അഞ്ചോ ആറോ മാസമല്ലേ ആയുള്ളൂ. രണ്ടു പേരൂടെ അടിച്ചു പൊളിച്ച്‌ ജീവിക്കുകാണന്നാ ഞാൻ കരുതിയത്‌"

ബാംഗ്ലൂർ വന്ന ആദ്യത്തെ ദിവസം മനോജിന്റെയും ശ്രീജിത്തിന്റെയും കൂടെ കറങ്ങാൻ പോയത്‌ ഇന്നലെ എന്ന പോലെ ഓർക്കുന്നു. കമ്പനി ഗസ്റ്റ്‌ ഹൗസിലായിരുന്നു ആ ദിവസങ്ങളിലെ എന്റെ താമസം. അന്നും മനോജ്‌ ഈ ഉത്തരഹള്ളിയിലായിരുന്നു. ഞാൻ വന്ന അന്നു തന്നെ ഇവിടുന്ന് പത്തു പതിനഞ്ച്‌ കിലോ മീറ്റർ വണ്ടിയുമോടിച്ച്‌ അവൻ പറന്നെത്തിയതും, പിന്നെ ബൈക്കിന്റെ പിറകിൽ ഇരുത്തി അവൻ കാണിച്ചു തന്ന ബാംഗ്ലൂർ ഒരു പകപ്പോടെ ഉറ്റുനോക്കിയതും എല്ലാം കഴിഞ്ഞിട്ട്‌ മാസങ്ങൾ ആറേഴ്‌ കഴിഞ്ഞിരിക്കുന്നു.

വീണ്ടും രണ്ടുവട്ടം കൂടി ഞങ്ങൾ കണ്ടിരുന്നു.
രണ്ടു മൂന്ന് മാസങ്ങൾക്കു ശേഷം ഞാനും ഡിനിലും കൂടി മനോജ്‌ മിനി ദമ്പതികളെ കണ്ട്‌ ആശീർവ്വദിച്ച്‌ അനുഗ്രഹിക്കാനും ഓരോ കപ്പ്‌ ചായ കുടിക്കാനുമായി ഇവിടെ ഈ ഉത്തരഹള്ളിയിൽ വന്നിരുന്നു. ചായയും പിന്നെ സ്പെഷ്യലായി ഓരോ ഗ്ലാസ്‌ പായസവും കുടിച്ച്‌ കൊച്ചിയിലെ ഞങ്ങളുടെ പഴയ ജീവിതത്തിന്റെയും ജോലിയുടേയുമൊക്കെ ഓർമ്മകൾ വീണ്ടും ടെലികാസ്റ്റ്‌ ചെയ്ത്‌ ആനന്ദിച്ച്‌ അറമാദിച്ച്‌ തിരിച്ച്‌ പോയപ്പൊൾ വീണ്ടും അവനോടൊപ്പം കുറച്ചു കാലം കഴിയാൻ സാധിക്കുമെന്ന് കരുതിയിരുന്നൊ?

പിന്നെ വെറും കാണലായിരുന്നില്ല, കൂടലായിരുന്നു. മനോജ്‌ അച്ഛനാവാൻ പോകുന്നതിന്റെ കൂടൽ. പോരാത്തതിനു പൂനൈയിൽ നിന്ന് ദിലീപും ബാംഗ്ലൂരിൽ വന്നതിന്റെ ഒരു സന്തോഷം. ശ്രീജിത്തും അന്നു വൈകീട്ടു ഫ്രീ ആയി. കൊച്ചിയിലെ ആ പഴയ ക്വോറം തികയാൻ ഇനി അരവിന്ദിന്റെയും(മദ്യപാനിയല്ലങ്കിലും ടച്ചിങ്ങ്സ്‌ ടച്ചു ചെയ്തിരുന്ന് കമ്പനി തന്നോളും) ഹരിയുടെയും കുറവു മാത്രം. അവർ അങ്ങു കൊച്ചിയിലായതിനാലും, മിനി നാട്ടിലായിരുന്നതിനാലും മനോജിന്റെ വീട്ടിൽ തന്നെ ഉള്ളതു കൊണ്ട്‌ ഓണം പോലെ ഞങ്ങൾ അങ്ങ്‌ കൂടി. അന്ന് അടിച്ചു പൂസായി കിടന്നുറങ്ങുമ്പൊൾ ഇനിയും ഇതു പോലെ ഒരു സമയം ഉണ്ടാകുമെന്ന് ചിന്തിച്ചിരുന്നോ?

"ഇല്ല.
ഒന്നും നേരെയാവാൻ പോകുന്നില്ല. അളിയാ നീയെങ്കിലും കരുതി ജീവിക്കുക. ഒന്നും തിരിച്ച്‌ പ്രതീക്ഷിക്കാതെ കാര്യങ്ങൾ ചെയ്യുക. എങ്കിൽ നിനക്ക്‌ അധികം നിരാശപ്പെടേണ്ടി വരില്ല.

എല്ലാവരോടും എത്ര ആത്മാർത്ഥത കാട്ടിയാലും, ആർക്കൊക്കെ വേണ്ടി എത്ര കഷ്ടപ്പെട്ടാലും ആരും നമ്മെ മനസിലാക്കിയെന്നു വരില്ല. അതിനി എത്ര പ്രീയപ്പെട്ടവരായാലും" അവൻ സിഗരറ്റ്‌ താഴേയ്ക്ക്‌ എറിഞ്ഞു.

ഇരുട്ട്‌ വീണു തുടങ്ങി. തണുപ്പും.

ലഹരിയുടെ (അ)സുഖം അതിന്റെ ജോലി അവസാനിപ്പിക്കാറായി. ഇനി കുറച്ചു സമയം വിശ്രമിക്കണം. രാവിലെ മുതലുള്ള ഓട്ടത്തിന്റെയും തിരക്കിന്റെയും ക്ഷീണം കണ്ണുകളിലേയ്ക്ക്‌ എത്തിത്തുടങ്ങി.

"നിനക്ക്‌ ഉറക്കം വരുന്നോ? നീ അകത്തു പോയി കിടന്നോ. ഞാൻ കുറച്ചു കൂടെ കഴിഞ്ഞിട്ടേ ഉറങ്ങൂ. അൽപ്പം പണി ബാക്കിയുണ്ട്‌." അവൻ ചിരിച്ചു കൊണ്ട്‌ കമ്പ്യൂട്ടറിൽ ഓർക്കുട്ട്‌ ഓപ്പൺ ചെയ്തു.

"നിനക്ക്‌ ഇതുവരെ ഇത്‌ മടുത്തില്ലേ? കൊച്ചിയിലെ ഓഫിസിലും ഇതു തന്നെയല്ലായിരുന്നോ മെയിൻ പണി"

"നിനക്കതു പറയാം. കഴിഞ്ഞ മൂന്ന് മാസം ഇതൊക്കെയേയുണ്ടായിരുന്നുള്ളൂ ഒരു നേരമ്പോക്ക്‌. കുറെ ഓൺലൈൻ ഫ്രണ്ട്‌ഷിപ്പ്‌ ഉണ്ടാക്കി."

"രണ്ടറ്റത്തുമിരുന്ന് രണ്ടു പേർ പരസ്പരം പറ്റിക്കുന്ന ഈ ഏർപ്പാട്‌ നിനക്കെങ്ങിനാ ഇത്രക്ക്‌ പിടിച്ചതെന്നാ എനിക്ക്‌ മനസിലാവാത്തത്‌"

"പിടിച്ചിട്ടൊന്നുമല്ല. പക്ഷെ ഇപ്പോ ഇതൊരു ശീലമായിപ്പോയി" അവൻ ചിരിച്ചു.

"OK അപ്പോ നീ ചാറ്റൂ. നല്ല ക്ഷീണം. നാൻ തൂങ്ങപ്പോറേൻ. Good Night Dear!"

"OK Dear! Good Night!"
------------------------------------------------------

ജീവിതം എന്നത്‌ പണ്ടാരോ പറഞ്ഞതുപോലെ ഒട്ടും മനസ്സിലാക്കാനാവാത്ത ഒരു കടങ്കഥയാണ്‌. കാരണം അത്‌ എങ്ങോട്ടൊക്കെ പോകുമെന്നോ, എവിടെവരെയെത്തുമെന്നോ, ഏതൊക്കെ ഭാവങ്ങൾ കൈക്കൊള്ളുമെന്നോ ആർക്ക്‌ പറയാൻ കഴിയും?

ആഘോഷിക്കുകയായിരുന്നു. അന്നുമുതൽ പിന്നങ്ങോട്ട്‌.
ഒറ്റയ്ക്ക്‌ നടന്ന് മടുത്ത വഴികളിലൂടെ ഒരുമിച്ച്‌.
ഒരേ ഭാവം, ഒരേ താളം.
ആഘോഷങ്ങൾ, തമാശകൾ, പരാതികൾ, പരിഭവങ്ങൾ, ആധികൾ, വ്യാധികൾ...
ദൂരം മറന്നുള്ള യാത്രകളും, കീശ മറന്നുള്ള ചിലവുകളും. കണക്കുപറച്ചിലില്ലാത്ത സൗഹൃദവും.

പരിഭവങ്ങൾ ഒരു കുപ്പി റമ്മിന്റെ ആദ്യത്തെ പെഗ്ഗിലും ടെൻഷനുകൾ അവസാനത്തെ പെഗ്ഗിലും അലിഞ്ഞു പോകാൻ ശീലിച്ചു തുടങ്ങി.

പാചക പരീക്ഷണശാലകളിൽ ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലാത്ത പല പ്രോഡക്റ്റുകളും കണ്ടുപിടിക്കപ്പെട്ടു.

ഏറ്റവും തല്ലിപ്പൊളി കറിയ്ക്കുപോലും "കിടിലൻ, സൂപ്പർ" എന്നു പറയാൻ പഠിച്ചു.

മുറി വൃത്തിയാക്കുമ്പോളും തറ തുടക്കുമ്പോളും പാത്രങ്ങൾ കഴുകുമ്പോളും സ്വന്തം അമ്മയോടും പിന്നെ ഈ പണിയൊക്കെ സ്ഥിരമായി ചെയ്യുന്ന എല്ലാ അമ്മമാരോടും ഒരു പ്രത്യേക സ്നേഹവും ബഹുമാനവുമൊക്കെ തോന്നാനും തുടങ്ങി.

ഓഫീസിലേയ്ക്ക്‌ ഒരുമണിക്കൂറോളം ബൈക്ക്‌ ഓടിക്കണമെങ്കിലും ജീവിതം സമാധാനമുള്ളതായി തോന്നിയതുകൊണ്ട്‌ ആ ദൂരം ഒരു പ്രശ്നമായില്ല. നഗരജീവിതം വളരെ അടുത്തു കണ്ടുകൊണ്ട്‌ ദിവസവും ഉത്തരഹള്ളിയിൽ നിന്നും കോറമംഗലയിലേയ്ക്ക്‌ ഞാൻ എന്റെ മയിൽ വാഹനമുരുട്ടിപ്പോന്നു.

മിക്കവാറും ദിവസങ്ങളിൽ "നടന്നു പോയിരുന്നെങ്കിൽ ഇതിലും വേഗത്തിൽ എത്തുമായിരുന്നു" എന്നു മനസ്സിൽ പറഞ്ഞുകൊണ്ട്‌ ട്രാഫിക്‌ ബ്ലോക്കിലൂടെ ശരിക്കും വണ്ടി ഉരുട്ടി നീങ്ങി.

"ഇനി ലേറ്റായി വന്നാൽ ഞാൻ വേറേ ആളെ നോക്കും" എന്ന ധ്വനിയുള്ള മെയിലുകൾ എന്നെക്കാത്ത്‌ ഇൻബോക്സിൽ വെയ്റ്റ്‌ ചെയ്തു. മുഴുവൻ വായിക്കാൻ പോലും മെനക്കെടാതെ അതൊക്കെ ഡിലീറ്റഡ്‌ മെയിൽസ്‌ ഫൊൾഡറിലേയ്ക്ക്‌ യാത്രയാക്കി.

അങ്ങിനെ ഇലയ്ക്കും മുള്ളിനും വലിയ കേടുപാടുകളൊന്നും സംഭവിക്കാതെ മാസങ്ങൾ റ്റാറ്റാ പറഞ്ഞ്‌ പൊയ്കോണ്ടേയിരുന്നു.

എല്ലാ മാസാവസാനവും ശമ്പളം കൃത്യമായി അക്കൗണ്ടിൽ വരികയും ഒരാഴ്ച പോലും ഒന്നു വിശ്രമിക്കാതെ എങ്ങോട്ടൊക്കെയോ പൊയ്ക്കോണ്ടുമിരുന്നു. ഇടയ്ക്കൊക്കെ നാട്ടിൽ പോയി കൂടുതൽ ദാരിദ്ര്യവാസികളായി ഞങ്ങൾ മടങ്ങിയെത്തി.

ഇതിനിടയ്ക്കെപ്പൊഴോ മനോജ്‌ ഒരു പെൺകുഞ്ഞിന്റെ അച്ചനായി.

കയ്യിൽ കാശില്ലങ്കിൽ കടം മേടിച്ച്‌ മിക്കവാറും എല്ലാ ആഴ്ച്ചയവസാനവും കുഞ്ഞിനെ കാണാൻ പോകുന്ന ആ അച്ചനെ ഞാൻ കൗതുകത്തോടെ കണ്ടുനിന്നു.

കുഞ്ഞിനു നല്ലൊരു പേരു തപ്പി ഇന്റർ നെറ്റിലും പഴയ മാഗസിനുകളിലും ഞങ്ങൾ ഒരുമിച്ചു കയറിയിറങ്ങി.

ഞങ്ങൾ കണ്ടുപിടിച്ച പേരുകൾക്ക്‌ ഭംഗി കൂടിപ്പോയതു കൊണ്ടാവാം കുഞ്ഞിന്റെ അമ്മ വീട്ടുകാർ തന്നെ ഒരു നല്ല പേരു കണ്ടെത്തി.

ദേവിക

എനിക്ക്‌ ഒരുപാട്‌ ഇഷ്ടമായ പേര്‌ (ആ കഥ പിന്നൊരിക്കൽ...).

അങ്ങിനെ അവൾ ഞങ്ങളുടെ പ്രീയപ്പെട്ട ദേവികകുട്ടിയുമായി.
രാത്രിയുടെ യാമങ്ങളിലും, സ്നേഹം വാത്സല്യമാകുന്ന സമയങ്ങളിലും ദേവികക്കുട്ടി ഫോണിലൂടെ ഞങ്ങളുടെ വീട്ടിലെത്തി. അവളുടെ കരച്ചിലും ചിരിയും മുറിയിൽ നിറഞ്ഞു.

മാസങ്ങൾ ഓടി മറഞ്ഞുകൊണ്ടിരുന്നു.

മഴക്കാലം ബാംഗളൂരിനെ ചെളിയിലും ട്രാഫിക്‌ ബ്ലോക്കിലും മുക്കിത്തുടങ്ങി.
ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടന്നു പെയ്യുന്ന മഴ.
മണിക്കൂറുകൾ കാത്തുനിന്നാലും ശക്തി കുറയുകപോലുമില്ലാത്ത പേമാരി.
ബാംഗ്ലൂർ പണ്ട്‌ ഇങ്ങനെയേയായിരുന്നില്ലത്രേ. വളരെ ശാന്ത ഭാവത്തിൽ മാത്രമേ പണ്ടു മഴ പെയ്തിരുന്നുള്ളൂ.

മുഴുവൻ നനഞ്ഞു കുളിച്ച്‌ വീട്ടിൽ വന്നു കയറുന്ന വൈകുന്നേരങ്ങളിലൊന്നിൽ എനിക്ക്‌ ഗ്ലാസ്‌ നീട്ടിക്കൊണ്ട്‌ അവൻ പറഞ്ഞു.

"മച്ചൂ, മിനിയും കുഞ്ഞും മിക്കവാറും അടുത്ത മാസമവസാനത്തോടെ തിരിച്ചു വരും."

ഒരു നിമിഷം ഞങ്ങൾ പരസ്പരം കണ്ണുകളിലേയ്ക്ക്‌ നോക്കി.
ഒരു ദീർഘനിശ്വാസം ആരിൽ നിന്നോ ഉയർന്നു.

"നല്ലത്‌ അളിയാ നല്ലത്‌. ഇനി നീ ശരിക്കും കുടുംബനാഥൻ. ഞാൻ വീണ്ടും ബാച്ചി ലൈഫ്‌." ഗ്ലാസ്സ്‌ പരസ്പരം മുട്ടിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

"അപ്പോ ഈ സിനിമയുടെ അവസാന ഭാഗമായി അല്ലേ?"

"മ്‌ മ്‌ അതേ."

നിശബ്ദമായി ആ രാത്രിയും മെല്ലെ കണ്ണടച്ചു.
------------------------------------------------------

എത്ര വേഗത്തിലാണ്‌ കാലം അതിന്റെ ചിറകടിക്കുന്നത്‌.
ഒരു വർഷത്തോളം സമയം പോകാൻ ഒരു സിനിമ കണ്ടു തീരുന്ന തോന്നൽ മാത്രം.
വളരെക്കുറച്ച്‌ സമയത്തിനുള്ളിൽ ജീവിതം വീണ്ടും തനിച്ച്‌.

ഇനിയുള്ള താമസം ഒറ്റയ്‌ക്ക്‌ മതി എന്ന് വളരെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

വഴക്കടിക്കുമ്പോളും സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന, "നീ വിഷമിക്കാതെ. നമുക്ക്‌ അത്‌ ശരിയാക്കാം" എന്ന് പറഞ്ഞ്‌ എന്ത്‌ തലവേദന പിടിച്ച പ്രശ്നത്തിലും കൂടെ നിൽക്കുന്ന, വെളുപ്പാൻകാലത്ത്‌ വിളിച്ചുണർത്തി തലേന്നത്തെ കാര്യത്തിന്‌ സോറി പറയുന്ന ഒരു സൗഹൃദം ഇനി കണ്ടെത്തിയെന്ന് വരില്ലല്ലോ.

"അപ്പോ ഇന്ന് ലാസ്റ്റ്‌ ഡേ ആണല്ലേ? നീ നേരത്തേ വരുമോ? ഞാൻ മീൻകറി ഉണ്ടാക്കി വയ്ക്കാം. ബാക്കിയൊക്കെ ഒപ്പിച്ചോണ്ട്‌ പോന്നോ" അവൻ ഫോണിൽ.

നേരത്തെ പോകണമെന്ന് ശരിക്കും ആഗ്രഹിക്കുമ്പോൾ അത്യാവശ്യ പണി വരുന്നത്‌ സധാരണയാണല്ലോ.

"അളിയാ, ഞാൻ പണി കിട്ടിയിരിക്കുകാ. ലേറ്റാകും. പക്ഷേ വാങ്ങിച്ചോണ്ടേ വരൂ"

"ശരി. നീ വന്നിട്ടേ ഞാൻ കഴിക്കൂ."

അന്ന് ബൈക്കിന്‌ സ്പീഡ്‌ വളരെക്കൂടുതലായിരുന്നു.

"മച്ചൂ, മീൻകറി എപ്പടി?"

"സൂപ്പർ മച്ചാ."

"മനോജ്‌ വച്ചതുകൊണ്ടാ"

"അതെ. അതുകൊണ്ടു തന്നെയാ"

"ഞാൻ എന്ത്‌ വച്ചാലും കിടിലനാ അല്ലേ?"

"നീ പുലിക്കുട്ടിയല്ലേ"

മനസ്സ്‌ തേങ്ങുന്നുവോ. ഇനി ഈ ചോദ്യങ്ങൾ എന്ന് കേൾക്കും. ഈഗോ അടിച്ച്‌ ഒരു വഴക്കോ മുഖം കറുപ്പിക്കലോ ഉണ്ടാവാൻ ഇത്രയും മതിയായിരുന്നു ഇന്നലെവരെ (കഴിച്ചു കഴിയുമ്പോൾ അതു മറക്കുമെങ്കിലും)

കണ്ണ്‌ നിറയുന്നോ അതോ പെട്ടന്ന് പൂസായോ?

"ഇനി ഇങ്ങനെ ഒരു കാലം ഉണ്ടാവില്ല. എനിക്കറിയാം. നമ്മൾ ഇനി കണ്ടെന്നും വരില്ല." അവൻ ഗ്ലാസ്സ്‌ ഫിനീഷ്‌ ചെയ്തുകൊണ്ട്‌ പറഞ്ഞു.

"അതെന്താടാ? ഞാൻ നാളെ നാടുവിട്ട്‌ പോകുമോ. കണാതിരിക്കാൻ മാത്രം"

"കാണാൻ സാധിച്ചാൽ മഹാഭാഗ്യം മാത്രം. ആദ്യം കുറച്ചുനാളൊക്കെ നീ വരുമായിരിക്കാം. പിന്നെ പതിയെ അതും നിൽക്കും."

"എനിക്ക്‌ വരണമെന്ന് തോന്നുമ്പോളൊക്കെ ഞാൻ പറന്നു വരില്ലേ മച്ചൂ"

ഞാൻ അവസാന ഭാഗം റമ്മുകൂടി രണ്ടു ഗ്ലാസ്സിലും തുല്യമായി ഒഴിച്ചു.

"ലാസ്റ്റ്‌ പെഗ്‌. ഇതൊന്നു മുട്ടിക്കെടാ."

"കുറച്ചു കാലത്തെ സന്തോഷത്തിനും പങ്കുവയ്ക്കലിനുമൊക്കെ കണ്ണീരോടെ വിട." അവൻ ഗ്ലാസ്സ്‌ ഉയർത്തി.

"സന്തോഷത്തൊടെ മുട്ടിക്കെടാ. നമ്മൾ ഇനിയും ഒരുപാട്‌ തവണ കാണും, കൂടും"

"അപ്പോ ചിയേഴ്‌സ്‌"
ഗ്ഗാസ്സുകൾ കൂട്ടിമുട്ടി.

"അളിയാ, ഇന്ന് നമുക്ക്‌ ഒരുമിച്ച്‌ കിടന്നുറങ്ങണം" ഗ്ലാസും കുപ്പിയുമൊക്കെ എടുത്തുവക്കുമ്പോൾ അവൻ പറഞ്ഞു.

"അതെ. ഇന്ന് നമ്മൾ ഒരുമിച്ച്‌ ഉറങ്ങും"

രാത്രിയുടെ സംഗീതത്തിൽ ഉത്തരഹള്ളിയെ ഒരുവട്ടം കൂടി കാണാൻ ഞാൻ ബാൽക്കണിയിലേയ്ക്കിറങ്ങി.

Monday, November 10, 2008

മാടത്തയുടെ കണ്ണുനീർത്തുള്ളികൾ...

മാടത്തയുടെ ചിറകുകൾക്ക്‌ നീല
നിറമായിരുന്നു

അവളുടെ കണ്ണുകളിൽ ഒരായിരം വർണ്ണങ്ങൾ വിരിഞ്ഞു തുടങ്ങിയ കാലം

കാലവും, പ്രകൃതിയും അവളെ ഒറ്റയ്ക്കാക്കിയ ഒരു വേനൽക്കാലം

ജീവിതത്തിന്റെ നാൽക്കവലയിൽ അവൾ പകച്ചു നിന്നപ്പോൾ

ആരോ പറഞ്ഞു, നീ ഈ വഴി പോകുക
പിന്തിരിയാതെ...

ആ വഴിയിലൂടെ മാടത്ത നടന്നു തുടങ്ങി

എവിടെ എത്തുമെന്ന് അറിയാതെ..

അവളുടെ കുഞ്ഞിചിറകുകൾക്കു ബലം വച്ചപ്പോൾ,

അവളുടെ കണ്ണുകൾ നിറഭേദങ്ങളെ തിരിച്ചറിഞ്ഞപ്പോൾ...

ഹൃദയത്തിന്റെ വഴിയിലേയ്ക്കു അവൾ തിരികെ പറന്നു..

മിഥ്യകളുടെ ആ വനവീഥിയെ പിറകിലുപേക്ഷിച്ച്‌..

ജീവിതത്തിന്റെ സുഖനൊമ്പരങ്ങളെ ഹൃദയത്തിൽ ഒരുമിച്ചു പങ്കിട്ട നാളുകളൊരുപാടു കഴിഞ്ഞപ്പോൾ...

ഒർമ്മയിൽ ദുഃസ്വപ്നങ്ങളായി ആ നാളുകൾ അവളെ അലട്ടിയ സന്ധ്യകളിലൊന്നിൽ..

ഒരായിരം കണ്ണുനീർത്തുള്ളികളായി ആ മൗന നൊമ്പരങ്ങൾ ഒരു വേനൽ മഴപൊലെ
ഭൂമിയിലേയ്ക്കു പെയ്തിറങ്ങി.....

മഴയുടെ സ്പർശ്ശമേൽക്കാത്ത ഊഷര ഭൂമിയിൽ മിന്നൽ പിണരുകളായി അവ തിമിർത്തു പെയ്തു..

മഴ പെയ്തൊഴിഞ്ഞപ്പോൾ ആ മാനം ചിരിച്ചു, ഹൃദയം തുറന്ന്..

അവളുടെ കണ്ണുനീർത്തുള്ളികളെ എറ്റു വാങ്ങിയ ഭൂമിയും ചിരിച്ചു..

അവർക്കു മുൻപിൽ അനന്ത നീലാകാശവും, പച്ചപ്പുൽമേടുകളും പൂക്കൾ ചൂടി നിന്നു...

Friday, November 7, 2008

അൽപ്പ സമയം ഞാനൊന്നു കണ്ണടച്ചോട്ടെ...

എനിക്ക്‌ മടുത്തുതുടങ്ങിയിരിക്കുന്നു

എന്നും ഒരേ താളം. ഒരേ ഏകാന്തത

ഒരേ കഥ മാത്രം പറയുന്ന പ്രവർത്തി ദിനങ്ങൾ

തമാശകൾ, പരിഭവങ്ങൾ, കുറുമ്പുകൾ എല്ലാറ്റിനും ഒരേ വികാരം

ജീവിതത്തിന്റെ നിറം നഷ്ടപ്പെട്ടതു പോലെ

ആവർത്തനം അതിന്റെ അതിരു കടന്നിരിക്കുന്നു

ജീവിതത്തിന്റെ തിരക്കുകളിൽ എനിക്കെന്തൊക്കെയോ നഷ്ടപ്പെടുന്നു

പലതും നേടുമ്പോൾ ചിലതൊക്കെ ഞാൻ മറന്നു പോകുന്നുണ്ടോ?

അല്ലങ്കിൽ പിന്നെ എന്തിനാണീ വേദന

എന്നോ പിന്നിട്ട നടപ്പാതകൾ, എവിടെയോ മറഞ്ഞ വസന്തകാല പക്ഷികൾ!

ഈറനണിഞ്ഞ പുലരികൾ, ചെഞ്ചായം പൂശിയ സായംസന്ധ്യകൾ!

ഞാനിതൊന്നും കാണാറില്ലന്നോ?

അമ്മയുടെ ഗന്ധവും, ആ മടിത്തട്ടിലെ മയക്കവും

പിന്നെ എന്റെ കിളിക്കൂട്ടിലെ നല്ല നിമിഷങ്ങളും എനിക്കന്യമെന്നോ?

മഴയുടെ താളവും, മഞ്ഞിന്റെ കുളിരും

ആത്മസുഹ്രുത്തിനോടൊപ്പമുള്ള യാത്രകളും

എല്ലാം ഞാൻ നഷ്ടപ്പെടുത്തിയോ?

എന്റെ കുറുമ്പിയുടെ കുസ്രുതി കണ്ണുകളും, വാചാലതയും

പ്രണയക്കുറിപ്പുകളും പരിഭവങ്ങളുമൊക്കെ ദൂരത്തെങ്ങോ ആണെന്നൊ?

എന്റെ വർണ്ണങ്ങളും, ചിത്രപ്പലകയും

അതിലെന്നോ ഞാൻ തീർത്ത ചിത്രങ്ങളും പൊടി പിടിച്ചുവെന്നോ?

ഇല്ല, ഞാൻ വിശ്വസിക്കില്ല.

കാരണം, ഇതൊന്നുമില്ലാതെ ഞാനില്ല

ഞനൊന്നോർത്തോട്ടെ.

അതിനായി അൽപ്പ സമയം ഞാനൊന്ന് കണ്ണടച്ചോട്ടെ...